ക്രിസ്തുവിനു മുൻപുതന്നെ ഇന്ത്യയിൽ ഉപയോഗിച്ചുവന്ന ഒരു ഭക്ഷ്യവസ്തുവാണ് ഉഴുന്ന്. ധാരാളം പ്രോട്ടീനും നാരുകളും വൈറ്റമിനുകളും ഊർജവുമുള്ള ഇവയിൽ ഫാറ്റ് കെളസ്ട്രോൾ പൊതുവേ കുറവാണ്. പാരമ്പര്യമായി ഗർഭിണികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്ന ഒന്നാണ് ഉഴുന്ന്. ധാരാളം പ്രോട്ടീനും അയണും നാരുകളും ഊർജ്ജവും ഫോളിക് ആസിഡും ഉള്ളതിനാൽ കുട്ടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഒപ്പം അമ്മമാരുടെ ആരോഗ്യത്തിനും ഉഴുന്ന് ഉത്തമമാണ്. ഫാറ്റും കൊളസ്ട്രോളും കുറവായതിനാലും പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ ഇവ അടങ്ങിയിട്ടുള്ളതിനാലും ഉഴുന്ന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. പ്രോട്ടീനും ഊർജ്ജവും ഉള്ളതുകൊണ്ടുതന്നെ ശാരീരിക വളർച്ചയ്ക്കും മസിലുകളുടെ വളർച്ചയ്ക്കും സഹായകവുമാണ്. കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ഉള്ളതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും ഉഴുന്ന് അടങ്ങിയ ഭക്ഷണം സഹായിക്കുന്നു. ഉഴുന്നിലെ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡും എസൻഷ്യൽ ഫാറ്റിആസിഡും ഓർമശക്തി നിലനിർത്താനും അൽഷിമേഴ്സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നതായി ഒരു പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ കാരണങ്ങള്‍ കൊണ്ടു തന്നെ പ്രായമായവർ ഇഡ്‌ലി അല്ലെങ്കിൽ ദോശ അവരുടെ ഭക്ഷണ ക്രമത്തിൽ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. ഇവ കൂടാതെ ചർമസംരക്ഷണത്തിനും താരൻ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉഴുന്ന് ഉപയോഗിക്കുന്നുണ്ട്.